മെഡല്‍


കറന്റില്ല, ഫ്രിഡ്ജില്ല, വെള്ളമില്ല, ഗ്രൈന്‍ററില്ല....... ഏതോ പരസ്യ വാചകം ചൊല്ലുകയാണ് പ്രിയതമ. അത്താഴം ഹോട്ടലില്‍ നിന്നും വാങ്ങണം.
ഈയുള്ളവന്‍ ബഡ്ജറ്റ്‌ രണ്ടറ്റവും മുട്ടിക്കുമ്പോഴേക്കും ഇങ്ങനെ ഓരോ മാരണം വന്നു കയറും.
ഞാന്‍ ധൃതിയില്‍ ബൈക്കെടുത്തു.....

മോന്‍റെ കാര്യം മറക്കണ്ടാ അവള്‍ പിന്നില്‍ നിന്നും വിളിച്ചു കൂവുന്നു.
ബീഫും പൊറോട്ടയും വാങ്ങി.വഴിയിലെ പെട്രോള്‍ പമ്പില്‍ നിന്നും അത്യാവശ്യത്തിന് ബൈക്കിനുള്ള ഫുഡും കൊടുത്തു.

പലിശക്കാരനെയും, പാല്‍ക്കാരനെയും കാണണം, ഒരു മാസത്തെ അവധി കൂടി ചോദിക്കണം.

എന്നാണാവോ ഈ ശമ്പളം ഒന്ന് കൂടുന്നതും ബീവറേജിന്‍റെ വിലകുറയുന്നതും...?

ദൈവമേ നാളെയും ആരെങ്കിലും കൈമടക്ക് തരണേ....(കൈക്കൂലി വേണ്ടേ വേണ്ട).കാണിക്ക വഞ്ചിയില്‍ അഞ്ചു രൂപ ഇടാമേ.........

വീട്ടില്‍ എത്തിയപ്പോഴാണ് ബൈക്കിന്‍റെ പിന്നിലെ ചെറിയ പെട്ടി ഓര്‍ത്തത്‌.
സര്‍ക്കസ്സഭ്യാസിയെപ്പോലെ ബൈക്ക്‌ തിരിച്ചു.

പെട്രോള്‍ പമ്പ് അടച്ചിരിക്കുന്നു..പോലീസുകാരും നാട്ടുകാരുമൊക്കെക്കൂടി ഒരു ആള്‍ക്കൂട്ടം.എന്തോ ഒരു പന്തികേട്!!

ചേട്ടാ എന്‍റെ ഒരു പെട്ടി കിട്ടിയോ?

സാറെ ആള്‍ എത്തി, ഇവന്‍ തന്നെ ലവന്‍, പെട്രോള്‍ പമ്പിലെ പയ്യന്‍ എന്‍റെ നേരെ വിരല്‍ചൂണ്ടി.

പിടിയെടാ ആ കഴുവേറീടെ മോനെ. വല്യ ഏമാന്‍ പറഞ്ഞ് നാക്ക് അകത്തിട്ടില്ല. മറ്റുള്ളവര്‍ എന്നെ പുഷ്പം പോലെ പൊക്കി.

ചെമ്പരത്തിപ്പൂവിന്‍റെ കണ്ണുള പോലീസുകാരന്‍ സൗജന്യമായി കൂമ്പിനിട്ടു നാലെണ്ണം തന്നു.....എന്‍റെ പാന്‍റ്സ് നനഞ്ഞോ...?
എടുക്കെടാ ലൈസന്‍സ്‌.., നിന്‍റെ പേര് തന്നെ ഒരു തീവ്രവാദിയുടെതാ....നീ ഏതു ഭീകരസംഘടനയുടെ ഏജന്റാ...?
ആരു പറഞ്ഞിട്ടാ ബോംബു വച്ചത്? വേറെ എവിടെയൊക്കെ വെച്ചിട്ടുണ്ടെടാ..?

ചോദ്യങ്ങളുടെ ഒരു പേമാരി...

ഓരോ ചോദ്യത്തിനും ലാത്തി എന്‍റെ വയറ്റത്ത് കൃത്യമായി കുത്തുന്നു....

സാറെ..ഞാന്‍....ഞാന്‍.....തൊണ്ടയില്‍ വെള്ളം വറ്റുന്നു, കണ്ണില്‍ ഇരുട്ടു കയറുന്നു.. ഐസും കൊള്ളി പോലുള്ള എന്നെ കണ്ടിട്ടാ ഈ കാലമാടന്മാര്‍ തീവ്ര വാദി എന്നു പറയുന്നത്!!!

“ഞങ്ങള്‍ തക്ക സമയത്ത് എത്തി. ആ ബോംബ്‌ കുളത്തില്‍  താഴ്ത്തി.” “ഇല്ലെങ്കില്‍ ഇവിടെയാകെ കുട്ടിച്ചോറായേനെ”.
“എല്ലാര്‍ക്കും പോലീസിനെ പുച്ഛമാ... എന്നാല്‍ എല്ലാത്തിനും ഈ ഞങ്ങള്‍ തന്നെ വേണം”.....

ഇത്തവണ സര്‍വ്വീസില്‍ നിന്നും ധീരതയ്ക്കുള്ള തങ്കപതക്കം കിട്ടും എന്ന പ്രതീക്ഷയില്‍ വല്ല്യ ഏമാന്‍ ഉച്ചത്തില്‍ കാച്ചി വിടുന്നു......

“സാറെ...സാറെ...”

“നീ മിണ്ടിപ്പോകരുത്”. അയാള്‍ കണ്ണുരുട്ടി.

രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

“സാറെ അത് എന്‍റെ മോനുവാങ്ങിയ കമ്പ്യൂട്ടര്‍ ഗെയിമും വലിയൊരു കളിതോക്കുമാണ്.” ബൈക്കില്‍ നിന്നും അറിയാതെ വീണതാ. അല്ലാതെ ഞാനൊരു തീവ്രവാദിയല്ല സാറെ.
വെള്ളത്തില്‍ താഴ്ത്തിയില്ലേ..ഇനിയത് കൊള്ളത്തില്ല..

എന്‍റെ നഷ്ടം ഏമാന്‍റെ മെഡലുമായി തട്ടിച്ചു നോക്കുമ്പോള്‍ തുച്ഛം.....പാതി നനഞ്ഞ പാന്‍റ്സുമായി ഞാന്‍ വേച്ചു വേച്ച് ബൈക്കില്‍ കയറി..നാളെത്തന്നെ എന്‍റെ പേര് മാറ്റണം എന്നൊരു തീരുമാനത്തോടെ....

വാല്‍ക്കഷ്ണം: വരാനുള്ളത് അര്‍ദ്ധരാത്രിയാണേലും ഏമാന്‍റെ രൂപത്തില്‍ വരും.






  


1 comment: