മാഹിക്കാരി..

കോഴിക്കോട് ടൌൺ, നരച്ച ഒരു പകൽ ഉച്ചയോടടുക്കുന്നു..,സൂര്യദേവനെ
യ്യുന്ന അസ്ത്രങ്ങൾ റോഡിൽ വീണു തിളച്ച് തുടങ്ങി,ചൂട് ശക്തി പ്രാപിക്കുകയാണു..ഞാൻ തൊട്ടടുത്ത് കണ്ട ഒരു ബുക്ക് സ്റ്റാളിലേക്ക് കയറി..,എണ്ണിച്ചുട്ട അപ്പങ്ങൾ കണക്കെ ആഴ്ചയിലൊരിക്കൽ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ ഇത്തിരി പുസ്തകങ്ങൾ കൂട്ടിനായി കരുതുക എന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്നു..,  വിശപ്പാണെങ്കിലോ ഒരു ആനയെകിട്ടിയാൽ ഇപ്പോൾ തന്നെ അകത്താക്കും എന്ന രീതിയിലും, ഇതും  കൂടി കഴിഞ്ഞിട്ടാകാം എന്ന് കരുതി തിരക്കിട്ട് ഞാൻ പുസ്തകങ്ങൾ ചികയുകയാണ്..

അപ്പോഴാണു  ഞാനത് ശ്രദ്ധിച്ചത്.., ഒരു പുള്ളിക്കുടയും  ചൂടി മഞ്ഞയും റോസും കലർന്ന മിഡിയും ടോപ്പും ധരിച്ച് ഒരു വിദേശ വനിത ബുക്ക് സ്റ്റാളിലേക്ക് കടന്ന് വരുന്നു..,അവർ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ അടുത്ത് കൂടേ കടന്ന് പോയി കുറച്ചപ്പുറത്ത് നിന്ന് ഏതൊക്കെയോ പുസ്തകങ്ങൾ സാവധാനം തിരയുകയാണ്.., എനിക്കെന്തോ ഒരു കൌതുകം തോന്നി, ഞാൻ അവരെയൊന്നാകെയൊന്ന് വീക്ഷിച്ചു.,ഏകദേശം എഴുപതിനോടടുത്ത പ്രായം.., ഗോതമ്പുമണിയുടെ നിറം, മുഖത്തെ ചുളിവുകൾ തെളിഞ്ഞാലും ഒരു കുലീനതയുണ്ട്, ചെറുതായി ചായം തേച്ച് പിടിപ്പിച്ച ചുണ്ടുകൾ..,മെലിഞ്ഞ ശരീരം .,  ഇടയ്ക്കെപ്പോഴോ ഞങ്ങളുടേ കണ്ണുകൾ തമ്മിലുടക്കി, അവർ എന്നെ നോക്കി പുഞ്ചിരിച്ചു., ഹ്രദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു പുഞ്ചിരി ഞാനും അവർക്ക് സമ്മാനിച്ചു..

.,ആ പുഞ്ചിരി പിന്നീട് ഒരു പരിചയപ്പെടലിലേക്ക് വഴി മാറി.,ആൻ  അതാണവരുടേ പേര്.,അവർക്ക് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു.., ഈ എഴുപതിലും ഇത്ര സുന്ദരിയായ ഇവർ നല്ല പ്രായത്തിൽ എത്ര പേരുടെ മനം കവർന്നിട്ടുണ്ടാവും..,ഞാൻ മനസ്സിൽ ചോദിച്ചു.,

മദാമ്മ കൈ പിടിച്ച് കുലുക്കിയപ്പോൾ അവരുടേ ആരോഗ്യം ഞാൻ അളന്നു..,കുശല സംഭാഷണങ്ങൾക്ക് ശേഷം ഞാൻ ഒന്ന് രണ്ട് പുസ്തകങ്ങൾ സെലക്റ്റ് ചെയ്ത് പണമടക്കാൻ  കൌണ്ടറിലേക്ക് പോയി.., അവരും  ഏതോ ഒരു ഇംഗ്ലീഷ് വാരികയും  കയ്യിൽ പിടിച്ച് കൌണ്ടറിലെത്തി.., പണം ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടേ അവർ അത് നിരസിച്ചു..,
ഞങ്ങൾ ഒന്നിച്ച് പുറത്തിറങ്ങി.,
വിരോധമില്ലെങ്കിൽ നമുക്ക് ഇത്തിരി നേരം സംസാരിച്ച് കൊണ്ടിരിക്കാം..എന്റെ ഓഫർ അവരെ അത്ഭുതപ്പെടുത്തി.എന്ന് അവരുടെ മുഖഭാവത്തിൽ  നിന്നും എനിക്ക് മനസ്സിലായി .തിരക്ക് പിടിച്ച ഈ നഗരത്തിൽ പരസ്പരം ഒന്ന് ഉരിയാടാനോ എന്തിനധികം ഒന്ന് ചിരിക്കാനോ കഴിയാതെ ഒഴുക്കിനൊപ്പം ഒഴുകി ഒഴുകി എവിടെങ്ങെളിലെക്കെയൊ എത്തിച്ചേർന്ന് അടിഞ്ഞ് കൂടുന്ന എത്രയോ അപരിചിത മുഖങ്ങൾക്കിടയിൽ എന്നിലെന്തെങ്കിലും പ്രത്യേകത അവർക്ക് തോന്നിക്കാണണം... എന്റെ ക്ഷണം അവർ സന്തോഷത്തോടേ സ്വീകരിച്ചു, ഒരു പക്ഷേ ഞാൻ അങ്ങനെയൊന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചിരിക്കുകയായിരുന്നോ ...അവർ .. നടന്ന് നടന്ന് ഞങ്ങൾ മാനാഞ്ചിറയിലെത്തി..,അവിടെ ഒരു ചാഞ്ഞ മരത്തിന്റെ തണലിൽ കൈവരി ഒരു വശം പൊട്ടിപ്പോയ ഒരു ചാരു ബഞ്ചിൽ ഞങ്ങൾ ഇരുന്നു..

ഒരു പാട് കാലം മുമ്പ് നഷ്ടപ്പെട്ട ഒരു സുഹ്രത്തിനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ യെന്നവണ്ണം അവർ വാതോരാതെ സംസാരിക്കുന്നുണ്ട്,. .ഫ്രഞ്ച് കലർന്ന ഇംഗ്ലീഷ് കേൾക്കാൻ നല്ല ഇമ്പം, .മാഹിയിൽ നിന്നാണവർ വരുന്നത്,   കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് വില്ല്യം ഡിസൂസ അവരെ തനിച്ചാക്കി  മറ്റൊരു ലോകത്തേക്ക് പറന്ന് പോയി, പ്രിയന്റെ ശവകുടീരത്തിനരികെ തന്നെ   അന്തിയുറങ്ങണമെന്ന ആശയിൽ ജന്മ നാടിനെ ഉപേക്ഷിച്ച് അവർ ഇന്ത്യയിൽ തങ്ങുന്നു..
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ മരണം കാത്ത് കിടക്കുന്നു
, മക്കൾ ഇല്ല..,ആകെ ഉള്ളത് ഒരു പട്ടിയും പൂച്ചയും മാത്രം..., ഫ്രഞ്ച് പൌരത്വം ഉള്ളതിനാൽ മാസാമാസം മുടങ്ങാതെ പെൻഷൻ കിട്ടുന്നുണ്ട്,.
എല്ലാമാസവും  പെൻഷൻ കിട്ടുന്നതിനു പിറ്റേ ദിവസം കോഴിക്കോട് വരും ..ഒന്നും വാങ്ങിയില്ലെങ്കിലും മിഠായിത്തെരുവിലെ ഓരോ കടയും കയറിയിറങ്ങും .,
മിഠായിത്തെരുവിനു ജീവനുണ്ട്  എന്നാണവരുടെ ഭാഷ്യം....ആ ജീവനെ തൊട്ടറിഞ്ഞ് മനസ്സിലേക്കാവാഹിക്കാൻ  ഇതിലൂടെ അവർ നടക്കുന്നു..ഏറേ നേരം..
പരസ്പരം സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,
അവർ എന്നെ ലഞ്ചിനു ക്ഷണിച്ചു.., ബോംബെ ഹോട്ടലിൽ, ഇതിനിടക്കെപ്പോഴോ വിശപ്പ് ഞാൻ മറന്നിരുന്നു..,എങ്കിലും സ്നേഹത്തോടെയുള്ള അവരുടെ ക്ഷണം എനിക്ക് നിരസിക്കാനായില്ല..,ചൂടുള്ള  ഓരോ മട്ടൻ ബിരിയാണി. പിന്നെ കടുപ്പത്തിലൊരു സുലൈമാനിയും..,
അത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ “ എന്നാൽ നമുക്ക് പിരിയാം.പിന്നീട് എവിടെ വെച്ചെങ്കിലും കാണാം...എന്ന് പറയാൻ വേണ്ടി ഞാൻ തുനിഞ്ഞതാണു., പക്ഷേ വാക്കുകൾ തൊണ്ടയിലെവിടെയോ തടഞ്ഞത് പോലെ..,
തിരക്കില്ലെങ്കിൽ നമുക്ക് അല്പനേരം കടൽത്തീരത്ത് പോയി ഇരിക്കാം...അവർ എന്നോട് ചോദിച്ചു., ഞാൻ എതിരൊന്നും പറഞ്ഞില്ല ,ഇത്രയും നേരത്തെ സംസാരത്തിനിടക്ക് എനിക്ക് അവർ ആരൊക്കെയോ ആയി മാറിയിരുന്നു.., അവർ ഒരു ഓട്ടോക്ക് കൈ കാണിച്ചു., പരസ്പർം ഒന്നും ഉരിയാടാതെ ഏതാനും മിനുട്ടുകൾ, വിശാലമായ ബീച്ചിനു ഓരം പറ്റി ഓട്ടോ നിന്നു, ഞങ്ങൾ പുറത്തിറങ്ങി.,
കുഴഞ്ഞ് കിടക്കുന്ന മണൽത്തരികൾ ചവിട്ടിയമർത്തി നടകുന്നതിനിടയിൽ അവർ വീണ്ടും സംസാരിക്കാൻ തുടങ്ങി.,
ആംഗലേയ ഭാഷയിലെ മുടിചൂടാമന്നന്മാരെപ്പറ്റിയാണു സംസാരം..ഞാൻ നല്ലൊരു കേൾവിക്കാരനായി.., ചിലപ്പോൾ പതിഞ്ഞും മറ്റ് ചിലപ്പോൾ ആർത്തട്ടഹസിച്ചും വരുന്ന തിരമാലകളെപ്പോലേയാണെന്ന് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി.., ഇടക്ക് പതിഞ്ഞ ശബ്ദത്തിൽ  റോബർട്ട് ഫ്രോസ്റ്റിന്റെ ഒന്ന് രണ്ട് കവിതകൾ മനോഹരമായി അവർ എന്നെ പാടിക്കേൾപ്പിച്ചു..,
വെയിൽ ചായാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത   കടയിൽ പോയി ചായയും മധുരപലഹാരങ്ങളും കഴിച്ചു, ഇത്തവണയും പണം കൊടുക്കാൻ അവർ എന്നെ സമ്മതിച്ചില്ലെങ്കിലും ഞാൻ നിർബന്ധപൂർവ്വം പണം കൊടുത്തു..,
പിന്നെയും ഞങ്ങൾ നടത്തം തുടർന്നു..,
പിന്നീട് സംസാരം അവരെക്കുറിച്ച് തന്നെയായിരുന്നു.,
ആനിനു ഒരു ടൈം ടേബിൾ ക്രമമുണ്ട്,എന്നും അതിരാവിലെ തന്നെ എണീറ്റ് ജോഗിംഗ് ചെയ്യും.., അത് കഴിഞ്ഞ് കുളിച്ച് ഫ്രഷായി വന്ന്  ലഘുവായ ബ്രേക്ക് ഫാസ്റ്റിനു ശേഷം  നല്ല തട്ട് പൊളിപ്പൻ ഫാസ്റ്റ് സോങ്ങ്സിന്റെ അകമ്പടിയോടെ പൂക്കൾ കൊണ്ട് ഫ്ലവർ വേഴ്സ് അലങ്കരിക്കും..  ആ ദിവസം മൊത്തം ഒരു ഊർജ്ജം കിട്ടാൻ ഈ രീതി ഗുണകരമാണെന്നാണു ഇവരുടെ പക്ഷം..,, തീർന്നില്ല,
ലഞ്ചിനു മേമ്പൊടിയായും സംഗീതം വേണം . അത് അല്പം ക്ലാസ്സിക്ക് ടച്ചുള്ളതായാൽ നല്ലത്.., സംഗീതത്തിനു നമ്മുടെ ഉപബോധമനസ്സിനെ ഉദ്ദീപിപ്പിക്കാനുള്ള  കഴിവുണ്ടത്രേ...അവരുടെ വാക്കുകൾ എനിക്കെന്തോ അത്ര വിശ്വാസകരമായി തോന്നിയില്ല. എങ്കിലും ഞാനവരെ തിരുത്താൻ പോയില്ല..,സന്ധ്യാസമയം റോസാപ്പൂക്കളും മെഴുകുതിരിയും വില്ല്യമിന്റെ കല്ലറയിൽ അർപ്പിച്ച് മടങ്ങും.., അത് കഴിഞ്ഞ് നീണ്ട പ്രാർത്ഥനകൾ  ., പച്ചക്കറിയും പഴങ്ങളൂം മാത്രമുള്ള ഡിന്നറിനു ശേഷം ഒരു സ്വൽ‌പ്പം.., ഒരു പെഗ്ഗ് മാത്രം..,ആ ശീലം വില്ല്യമാണവരെ പഠിപ്പിച്ചത്, വില്ല്യമിനെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ തുടുത്തിരുന്നുവോ...
പിന്നീട് വാസനയുള്ള മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ഇമ്പമാർന്ന സംഗീതം ആസ്വദിച്ച് കുറെ നേരം കിടക്കും...,അപ്പോൾ ഒരു മാലാഖയെപ്പോലെ  വില്ല്യം അനുരാഗ വിവശനായി അവരുടെ അരികിലെത്തുമത്രേ..,എന്നിട്ടവർ ഒന്നിച്ച് സംഗീതം ആസ്വദിക്കും , ന്രത്തം ചെയ്യും., തളരുമ്പോൾ മെത്തയിൽ കിടത്തി താരാട്ട് പാടിയുറക്കും...എന്നിട്ട്  ഏതോ ഒരു ലോകത്തേക്ക് മടങ്ങും.., അകലെ ചക്രവാളത്തിൽ ചാഞ്ഞ് തുടങ്ങിയ സിന്ദൂരപ്പൊട്ടിലേക്ക്  കണ്ണ് നട്ട് അവർ പറഞ്ഞ് നിർത്തി..,
പിന്നെ ഏതാനും നിമിഷം നിശ്ശബ്ദയായി അവർ വിതുമ്പി., മൌനം ഞങ്ങൾക്കിടയിൽ വളർന്ന് പന്തലിക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു.,
എന്നാൽ നമുക്ക് മടങ്ങാം..
അസ്തമന സൂര്യൻ കടലിൽ‌പ്പോയി ഒളിക്കാനുള്ള തയ്യാറെടുപ്പിലാണു..,
ഞങ്ങൾ തിരികെ നടന്നു.., കുറച്ചപ്പുറത്തുള്ള ബസ് സ്റ്റോപ്പിലേക്ക്.
.
മാഹിയിലേക്കുള്ള ബസ്സ് കാത്ത് ഞങ്ങൾ  നിന്നു..,വില്ല്യമിന്റെ കല്ലറയിൽ അർപ്പിക്കണം എന്ന് പറഞ്ഞ്  ഞാൻ ഒരു ബൊക്ക ചുമന്ന റോസാപ്പൂ അവർക്ക് നൽകി..,നിറഞ്ഞ കണ്ണുകളോടെ എന്നെ അണച്ച് പിടിച്ച് എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു., ..
ബസ്സ് എത്തിച്ചേർന്നു., നിറകണ്ണുകൾ തുടച്ച് അവർ ബസ്സിലേക്ക് കയറി.., തിരിഞ്ഞ് നിന്ന് ,അവർകൈ വീശി ..,തിരികെ ഞാനും... ബസ്സ് അകന്നു പോയി..,തിരക്കിലെവിടെയോ അതലിഞ്ഞ് പോകുന്നത് വരെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു.., ., തിരിച്ച് നടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു.., ഇവർ എനിക്ക് ആരാണു..,ഞങ്ങൾക്കിടയിൽ ഒരു സൌഹ്രദം ഉടലെടുക്കാൻ എന്താണു നിമിത്തം
ഇവർ ആരാണു
.,എനിക്കെപ്പോഴും താങ്ങും തണലുമായി നിന്ന് എന്നെ ജീവനു തുല്യം സ്നേഹിച്ച എന്റെ അമ്മയായിരുന്നോ.? എന്റെ മാത്രം സ്വന്തമെന്ന് ഞാനും അവളും പറയുന്ന എന്റെ ഭാര്യയായിരുന്നോ..? അതോ ഇണങ്ങാനും പിണങ്ങാനും കുസ്രതിത്തരങ്ങൾ ഒപ്പിക്കാനും എല്ലാഴ്പ്പോഴും എനിക്കുണ്ടായിരുന്ന എന്റെ സഹോദരിയായിരുന്നോ,,?  അതോ പൊട്ടിച്ചിരിക്കുന്ന പാദസരങ്ങൾ കിലുക്കി ചെറുപ്പകാലം തൊട്ടേ എന്റെ സ്വപനങ്ങളിൽ രാജകുമാരിയായി വിലസിയ  ബാല്യകാല കളിക്കൂട്ടുകാരിയായിരുന്നോ..?ഉത്തരം കിട്ടാതെ ഒത്തിരിയൊത്തിരി  ചോദ്യങ്ങൾ അന്തരംഗത്തിൽ കിടന്ന് പിടയ്ക്കുന്നു..
എന്തൊക്കെയായാലും ജീവിതയാത്രയുടെ കുത്തൊഴുക്കിൽ എല്ലാവരാലും ഒറ്റപ്പെട്ട് പോയി വ്യത്യസ്തങ്ങളായ തുരുത്തുകളിൽ ഉരുകിത്തീരുന്ന ജീവിതങ്ങൾക്കൊന്നിനെങ്കിലും പ്രചോദനവും പ്രത്യാശയും പിന്തുണയും കാഴ്ചവെക്കാൻ ഇന്നത്തെ ദിവസം ഈ ചെറിയ ജന്മം കൊണ്ട് സാധ്യമായല്ലോ എന്ന സംത്രപ്തിയോടേ ഞാൻ നടന്നു..,
പക്ഷേ പെട്ടെന്നാണ് ഞാനതോർത്തത്,.
ഞങ്ങൾ തമ്മിൽ ഇത്ര നേരം സംസാരിച്ചിരുന്നിട്ടും പരസ്പരം ബന്ധപ്പെടാനുള്ള ഒരു ഫോണനമ്പറോ വിലാസമോ കൈമാറിയിരുന്നില്ല,
എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം തോന്നി..,
അപ്രതീക്ഷിതമായി വീണു കിട്ടിയ  ഒരു സൌഹ്രദം പൊടുന്നനെ നഷ്ടമായല്ലോ എന്നാ‍ലോചിച്ചപ്പോൾ മനസ്സിനകത്തൊരു വിങ്ങൽ..
 എല്ലാ നേട്ടങ്ങളൂം എല്ലാക്കാലവും നിലനിൽക്കണമെന്ന മനുഷ്യന്റെ ആശകൾ എത്രമാത്രം ബുദ്ധിശൂന്യമാണ്.. ദൈവം ചിലത് നിശ്ചയിക്കുന്നു, അതിനനുസ്രതമായി ജീവിതം ആടിത്തീർക്കുന്ന കേവലം കളിപ്പാവകളാണു നമ്മൾ..
വെറും കളിപ്പാവകൾ..

No comments:

Post a Comment