ഗസല്‍

സൗദിയില്‍ അല്‍ ജൌഫില്‍ ഉണ്ടായിരുന്ന കാലത്താണ് ഞാന്‍ സയ്യിദുമായി  പരിചയപ്പെടുന്നത്.സുമുഖനും കുലീനതയുമുള്ള സ്വദേശി ചെറുപ്പക്കാരന്‍ .
അന്നൊക്കെ അറബി മാസം പതിനാലിന് ഞങ്ങള്‍ മരുഭൂവില്‍ പോകും.വെളുക്കാറാവുംബഴേ മുറിയില്‍  തിരിച്ചെത്തൂ .
രാത്രി എട്ടു മണിയോടെ അവന്‍ വാഹനവുമായി എത്തും.ദോമത്ത്‌ അല്‍ജന്‍ദലിലെ തടാകവും കഴിഞ്ഞു മരുഭൂമിയുടെ ഉള്ളിലോട്ട് .....
വാഹനത്തിന്‍റെ ചക്രത്തിലെ കാറ്റ് കളഞ്ഞ് കന്യകമായ മരുഭൂമിയുടെ ഹൃദയത്തിലേക്ക് .....
പകല്‍ മരുഭൂമി ചുട്ടു പൊള്ളുന്നതാണെങ്കിലും രാത്രി അത് തണുക്കും,സൂചി കുത്തുന്നത് പോലുള്ള തണുപ്പ്.
വണ്ടിയില്‍ നിന്നും വിറകെടുത്തു തീ കൂട്ടും
ചായ,ഗഅവ,ജിന്‍ജബീര്‍ (പച്ച ഇഞ്ചി ചതച്ചു പഞ്ചസാരയിട്ട് തിളപ്പിചെടുത്തത്)എന്നിവ തിയ്യിനരികെ വെയ്ക്കും.
ഞാന്‍ ഫിഞ്ചാലിലേക്ക് ഗഅവ പകരുന്നിതിനിടയില്‍ സയ്യിദ്‌ അവന്‍റെ ആത്മാവായ സംഗീതോപകരണം ഉഹാദ്‌ എടുത്തു വരും
ഏതോ രാപ്പാടി അതിന്‍റെ ഇണയെ തേടി കരഞ്ഞ് കരഞ്ഞ് പറന്നു പോകുന്നത് കേള്‍ക്കാം.
ഉഹൂദിന്‍റെ നേര്‍ത്ത ശബ്ദത്തില്‍ അവന്‍ ഗസല്‍ ആലപിക്കാന്‍ ആരംഭിക്കും.മധുരമുള്ള ശബ്ദത്തില്‍..
ഭൂതകാലത്ത്,യുഗങ്ങള്‍ക്കും അപ്പുറത്ത് സയ്യിദ്‌ ഒരു ഗന്ധര്‍വ്വനായിരുന്നു പോലും.ഏതോ ഒരു തെറ്റിന് ദൈവം ശിക്ഷ വിധിച്ചു.ഭൂമിയിലേക്ക്‌ പോയി ഒരു മനുഷ്യായുസ്സ് ജീവിച്ചു തീര്‍ക്കുക.ആദമിനെപ്പോലെ, ആദമിന് കൂട്ടിനു ഹവ്വ ഉണ്ടായിരുന്നു.ഇവിടെ സയ്യിദ്‌ ഏകനായി മാത്രം.പതിനാലാം രാവില്‍ അവന്‍റെ പ്രേയസിയെ ഭൂമിയിലേക്ക്‌ വിടും.പ്രിയനെ കാണാന്‍,പുലരുന്നതിനു  മുന്‍പ് അവള്‍ തിരിച്ചെത്തണം എന്ന വ്യവസ്ഥയില്‍. ഭൂമിയില്‍ അവന്‍ ഒരു മെഴുകുതിരി പോലെ കത്തിത്തീരുന്നു...വീണ്ടും കാത്തിരിപ്പ്‌....അടുത്ത പതിനാലാം രാവിനു വേണ്ടി....ഒരു വേഴാമ്പലായ്.......
ഞാന്‍ അവന്‍റെ പാട്ട് കേട്ട് പൂഴി മണലില്‍ ആകാശത്തേക്ക് നോക്കി കിടക്കും.അപ്പോള്‍ അവന്‍ നഷ്ട്ട വേദനയില്‍ ഒരു ഹംസ ഗാനം കണക്കെ പാടുകയാണ്.......
നിലാവ് പെയ്യുന്ന രാവില്‍,അവനെ കാണാനും പാട്ട് കേള്‍ക്കാനും പ്രിയതമ നേര്‍ത്ത തെന്നലിന്‍റെ  തേരില്‍ കസ്തൂരിയുടെ സൗരഭ്യം വിതറി വിണ്ണില്‍ നിന്നും പറന്നിറങ്ങും...
അവളുടെ ചൂടുള്ള നിശ്വാസം അവനില്‍ എത്തുന്ന അത്രയും അരികില്‍  വന്നിരിക്കും.തൊട്ടാല്‍ ശിക്ഷയുടെ കാലാവധി നീട്ടും എന്നാണത്രേ!!! നീലക്കണ്ണ്‍കളില്‍ സാഗരം ഒളിപ്പിച്ചു വെച്ച് മുന്തിരി വിളയുന്ന വിറയ്ക്കുന്ന ചുണ്ടുകളുമായി.....കാര്‍മേഘം പോലുള്ള ചുരുണ്ട് നീണ്ട കൂന്തല്‍ കാറ്റില്‍ പറത്തി...വെളുത്തു നേര്‍ത്ത വസ്ത്രത്തില്‍ മണല്‍ പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തി പിടിക്കുമ്പോള്‍ കണങ്കാലിലെ പച്ച ഞരമ്പുകള്‍ കാണാം..  ദുഃഖവും,ആശയും നിരാശയുമൊക്കെ കൂടിക്കലര്‍ന്നു തിമിര്‍ത്ത ആടുന്ന തുടിക്കും ഹൃദയത്തോടെ അവള്‍ സയ്യിദിന്‍റെ പാട്ട് കേള്‍ക്കും.....പുലരും വരെ....
             _______________________________________
ഇത് സയ്യിദിന്‍റെ വിശ്വാസമോ, സത്യമോ, മിഥ്യയോ ആവട്ടെ.. ഭാഷയറിയാത്ത ഞാന്‍ ആ തണുപ്പില്‍ ഗസല്‍ ആസ്വദിച്ചു.കരളില്‍ നിന്നും വാക്കുകളെടുത്തു വിരഹത്തിന്‍റെ എല്ലാ തീവ്രതയോടും കൂടി പാടിയ ആ ഗസലുകള്‍ ഇന്നും എന്‍റെ ഓര്‍മ്മയില്‍ കത്തുന്നു...അല്ല, പെയ്തിറങ്ങുന്നു...
ഞാന്‍ ഏറെ ഗസലുകള്‍ കേട്ടിട്ടുണ്ട്,എന്നാല്‍ സയ്യിദിന്‍റെ ഗസലിന്‍റെ അലകള്‍ക്കടുത്തെത്താന്‍ അവയ്ക്കൊന്നും ആയിട്ടില്ല.

7 comments:

  1. പ്രവാസത്തെ കുറിച്ച് എഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും മികച്ച രചനയായ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളില്‍ ഇതേ പോലൊരു സഅദ് ഉണ്ട്. ആ കൃതി വായിക്കുമ്പോള്‍ ആര്‍ദ്ര സംഗീതത്തിന്റെ നേര്‍ത്ത സ്വരമാധുരി ആ അക്ഷരങ്ങളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങും. അത്രയുമെത്തിയില്ലെങ്കിലും ഗസലിന്റെ മാധുര്യം നുണയാനാവുന്നുണ്ട്്. ഇങ്ങിനെ ഓര്‍മ്മയുടെ ചെറിയ നനവൂറലുകള്‍ വലിയ പുഴയായി മാറട്ടെ...

    ReplyDelete
  2. ആസ്വദിക്കാനുള്ള അന്തരീക്ഷം ഒരുക്കിയത്‌ മനോഹരമായി. തുടക്കത്തില്‍ വായിച്ച് വന്നപ്പോള്‍ ബെന്യാമിന്റെ ആടുജീവിതത്ത്തില്‍ മരുഭൂമിയെ കുറിച്ച് പറഞ്ഞിരുന്നത്‌ ഓര്‍മ്മയില്‍ ഓടിയെത്തി.
    ആശംസകള്‍ ഭായി.

    ReplyDelete
  3. കമ്പര്‍ :)
    എനിക്ക് പറയാന്‍ വാക്കുകളില്ല.

    ReplyDelete
  4. ശരിയാണ് ഗാസലിന്റെ ഒരു മന്ത്രികമായ സ്പർശം പലപ്പോഴും നമുക്കനുഭിക്കാൻ കഴിയും ചിലനേരങ്ങളീൽ...
    ജഗജിത് സിംഗിന്റെ ഗസൽ ഞാൻ സ്ഥിരമായി കേൾക്കാറൂണ്ട്

    ReplyDelete
  5. ഞാനിപ്പോഴാ ഇത് വായിച്ചത്, ശ്രദ്ധേയമായ കുറിപ്പ്,
    ആശംസകൾ

    ReplyDelete