മെഴുകുതിരി

ഇന്ന് വ്യാഴാഴ്ച,നിധി പോലെ കിട്ടുന്ന അവധി ദിവസത്തിന്‍റെ സന്തോഷം.
റൂമില്‍ എത്തിയപ്പോള്‍ എല്ലാവരും സ്നേഹിതരെ കാണാന്‍ പോയിരിക്കുന്നു.പുറത്ത് ചിതറിപ്പെയ്യുന്ന മഴ കാണാന്‍ ജനല്‍ തുറന്നിട്ടു.അല്ലെങ്കിലും എവിടെയും കാലാവസ്ഥക്കും ജനങ്ങള്‍ക്കും ഒരേ സ്വഭാവമാണെന്നു തോന്നുന്നു.എപ്പോഴാണ് മാറുന്നതെന്നറിയില്ല.
    മഴയുടെ ആക്കം ഒന്ന് കൂടി വര്‍ദ്ധിച്ചു.
മനസ്സ് ഇന്നലെകളിലേക്ക് പായുകയായിരുന്നു.
ഇരുപതു വര്‍ഷം മുമ്പ് ടാപ്പിംഗ് ആണെങ്കിലും അല്ലലില്ലാതെ കഴിയുന്ന കാലം.അയല്‍വാസി ഒരു വിസ ഓഫര്‍ ചെയ്തു.വില കേട്ടപ്പോള്‍ വേണ്ടെന്നു പറഞ്ഞതാണ്.
വീടും സ്ഥലവും വിറ്റ് വിസ വാങ്ങുന്നതിനോട് തീരെ താല്പര്യം തോന്നിയില്ല.പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ വിസ വാങ്ങാന്‍ തന്നെ തീരുമാനിച്ചു.ബാക്കി പണം കൊണ്ട് ചെറിയ ഒരു വീടും.....
ഗള്‍ഫിലേക്ക് വരാന്‍ ദിവസം അടുക്കുന്നതിനനുസരിച്ചു നാടിനോടും കുടുംബത്തോടും സ്നേഹം കൂടുകയായിരുന്നു.വരുന്നതിന്‍റെ തലേന്ന് നാട്ടുകാരോടൊക്കെ യാത്ര പറഞ്ഞ് വീട്ടിലേക്കു വരും വഴിയില്‍ വെറുതെയിയുന്നു സ്വപ്നം കാണാറുള്ള,പുഴയുടെ നടുക്കുള്ള പാറയിലിരുന്ന് കുറച്ചു കരഞ്ഞു.മനസ്സിന്‍റെ ഭാരമൊന്നു കുറയ്ക്കാന്‍ ഇതല്ലാതെ മറ്റെന്തു വഴി...മൗനമായി ഒഴുകുന്ന പുഴ എന്‍റെ യാത്ര അറിഞ്ഞിരിക്കുമോ? പുഴ ഒരു ബലഹീനതയായിരുന്നു.സന്ധ്യ മയങ്ങിയാല്‍ പരന്ന പാറപ്പുറത്ത് കിടന്നു നക്ഷത്രങ്ങളെ നോക്കി എന്തെങ്കിലുമൊക്കെ ചിന്തിച്ചു കിടക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍.തനിക്കേറ്റവും ഇഷ്ട്ടമുള്ള ചക്കരമത്തന്‍ ഉമ്മ പ്രത്യേകം ഉണ്ടാക്കി തന്നെങ്കിലും അതിന്‍റെ രുചി അനുഭവിക്കാന്‍ കഴിഞ്ഞില്ല.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഏതോ അന്യഗ്രഹത്തിലേക്ക്‌ പോകുന്ന പ്രതീതി.ഇനി നാട്ടിലേക്ക് നാട്ടിലേക്ക് വരില്ലെന്നൊരു തോന്നല്‍
മുംബൈയില്‍ അധികം താമസം വരുത്തരുതെന്നു ദൈവത്തോട് അകം തുറന്നു പ്രാര്‍ഥിച്ചതിന്‍റെ ഫലം കിട്ടി-പിറ്റേന്ന് തന്നെ ടിക്കറ്റ്‌ കിട്ടി.
ബാധ്യതകള്‍ ആ വിമാനത്തിന് വഹിക്കാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു.
എല്ലാ ഗള്‍ഫുകാരെയും പോലെ സ്വപ്നം കണ്ടു.പെങ്ങന്മാരെ നല്ല രീതിയില്‍ സ്വര്‍ണവും പണവും കൊടുത്തു വിവാഹം ചെയ്തയക്കുക,ചെറിയൊരു വീടും ജീവിക്കാന്‍ എന്തെങ്കിലുമൊരു ചുറ്റുപാടുമുണ്ടാക്കി നാട്ടില്‍ നില്‍ക്കുക.
ഇവിടെ ഇറങ്ങിയപ്പോഴാണറിഞ്ഞത് എന്‍റെ സ്വപ്നത്തിലെ നാടല്ല ഇതെന്ന്.
    കാലവസ്ഥക്കെതിരെ പൊരുതുക എന്നത് തന്നെ സാഹസമായിരുന്നു.രാവിലെ ഖുബൂസും ഉച്ചയ്ക്ക് പ്ലാസ്റ്റിക്‌ കീസില്‍ കെട്ടിയ കുറച്ചു ചോറും.വിറ്റാമിന്‍ എ മുതല്‍ ഇസഡ്‌ വരെ ഇതില്‍ നിന്നും കിട്ടണം.നീണ്ട മണിക്കൂറുകള്‍ ജോലി കഴിഞ്ഞു വന്നാല്‍ തന്നെക്കാള്‍ മെലിഞ്ഞ ബെഡിലേക്കൊരു വീഴ്ചയാണ്.പിന്നെ പുലര്‍ച്ചെക്ക് കൂട്ടുകാര്‍ വിളിക്കുന്നത്‌ വരെ ഒരു തരം മദിച്ച അവസ്ഥ.ജോലിക്ക് പോകുന്നത് അറവുശാലയിലേക്ക് ആനയിക്കുന്ന മൃഗത്തിന്‍റെ മനസ്ഥിതിയില്‍.
    രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരിമാരെ കെട്ടിച്ചയച്ചു.വീട്ടില്‍ നിന്നും വരുന്ന കത്തുകളില്‍ ആവശ്യങ്ങള്‍ കൂടിയതെയുള്ളൂ...നാട്ടില്‍ വരാത്തതെന്താണെന്നവര്‍ ഒരിക്കലും ചോദിച്ചില്ല.
    നാട്ടിലേക്ക് ചെല്ലുന്നു എന്നറിയിച്ചപ്പോള്‍ മറുപടിയായി കിട്ടിയത് വളരെ വലിയൊരു ലിസ്റ്റ് ആയിരുന്നു.കൂട്ടുകാരില്‍ നിന്നും കടം വാങ്ങി പെട്ടി കെട്ടി.
    ആറു വര്‍ഷത്തിനിടയ്ക്ക് നാടിനും നാട്ടാര്‍ക്കും ഏറെ മാറ്റം വന്നിരിക്കുന്നു.വീട്ടില്‍ എത്തി കട്ടന്‍ ചായ കുടിക്കുമ്പോള്‍ സഹോദരിമാരുടെ മുഖത്തൊരു തെളിച്ചമില്ലായ്മ.
    എന്താ നിങ്ങളൊന്നും മിണ്ടാത്തത് ? ഒന്നുമില്ലെന്ന് പറഞ്ഞ അവര്‍ അടുക്കളയിലേക്കു പോയി.
    വലിയ പെങ്ങള്‍ വാതിലിനു മറവില്‍നിന്നും കുട്ടിയെ തന്‍റെയടുത്തെക്ക് തള്ളി വിടുന്നത് കണ്ടു.
മനസ്സില്ലാ മനസ്സോടെ കുട്ടി വന്നു ചോദിച്ചു, മാമാ ഇത്രേം സാധനങ്ങളെ കൊണ്ട് വന്നിട്ടുള്ളൂ..അല്ലേ ?
കാര്യം മനസ്സിലായി.
അല്ല മോളെ, സാധനങ്ങള്‍ കാര്‍ഗോയില്‍ വരാനുണ്ട്.
കേള്‍ക്കേണ്ട താമസം മൂന്നു സഹോദരിമാരും നിര്‍ത്താതെ സംസാരം തുടങ്ങി.
അല്ലെങ്കിലും ഈ പെണ്ണിന് വല്ല്യ ആള്‍ക്കാരെ നാക്കാണ്.അവള്‍ക്ക് നീ കൊണ്ട് വന്ന സാധനങ്ങളറിഞ്ഞിട്ടെന്താ കാര്യമാവോ ?
    വിരലും കടിച്ചു നില്‍ക്കുന്ന കുഞ്ഞു പെങ്ങളെ നോക്കുമ്പോള്‍ അവള്‍ എന്തോ ആംഗ്യം കാണിച്ചത് ഞാന്‍ കണ്ടെങ്കിലും അവള്‍ കണ്ടിട്ടില്ല.പിന്നീട് വിവാഹത്തിന്‍റെ തിരക്കായിരുന്നു.
    അമ്മാവന്‍റെ മകള്‍ ഫസീലയുടെ കൂട്ടുകാരിയായിരുന്ന സാഹിറാ ബാനുവിനെ ഞാനിഷ്ട്ടപ്പെട്ടിരുന്ന കാര്യം വീട്ടുകാര്‍ക്കും അറിയാമായിരുന്നു.ഇവിടെ എത്തി മൂന്നാം മാസം ഫസീലയുടെ കത്ത് വന്നു. സാഹിറാക്ക് വിവാഹമാണ്.ഇക്കാക്ക്  അവളെ വേണമെങ്കില്‍ ഇപ്പോള്‍  പറയണം.വേണമായിരുന്നു ,പക്ഷെ മൂന്നു സഹോദരിമാര്‍ നില്‍ക്കുമ്പോള്‍ തന്‍റെ വിവാഹം...?അതും ഇത്തരം ഒരവസരത്തില്‍ ആ ബന്ധം നല്ലൊരു സ്വപ്നം പോലെയായി.അവളുടെ വിവാഹത്തിന് ദൂരെനിന്നും ആശംസ നേര്‍ന്നു.
    അവളെ എങ്ങനെ കുറ്റപ്പെടുത്താനാകും...?മുന്‍ശുണ്‍ടിക്കാരനും വാശിക്കാരനുമായ പിതാവിന്‍റെ മുമ്പില്‍ അവളുടെ വാക്കിന്‍റെ വില എത്രയായിരിക്കുമെന്ന് ഊഹിച്ചു.
    അമ്മാവന്‍റെ മകള്‍ ഫസീലയെ കെട്ടണം എന്നായിരുന്നു ഉമ്മാന്‍റെ ആഗ്രഹം.എന്നാല്‍ അവളെ പെങ്ങളായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പറഞ്ഞപ്പോള്‍ വലിയ വീടുകളില്‍ നിന്നായി ആലോചന.അവസാനം,പണക്കാരുടെ വീട്ടില്‍ നിന്നു  ബന്ധം വേണ്ടെന്നും ഒരു അനാഥാലയത്തില്‍ നിന്നും മതിയെന്നും അറിയിച്ചപ്പോള്‍ അമ്മാവന്‍ പിണക്കവുമായി, കുടുംബത്തിലെ എല്ലാര്‍ക്കും ഒരു തരം പക.
    ദുനിയാവില് വേറെ ഒരിടത്തു നിന്നും പെണ്ണ് കിട്ടൂലേ നിനക്ക്..?.ഒരു യത്തീംഖാനയില്‍ തന്നെ പോവണോ?.ആരെ കെട്ടിയാലും വേണ്ടീല്ല ..ന്‍റെ പെങ്കുട്ട്യോള്‍ക്ക് കൊടുത്തീലേറെ പൊന്നും പൈസേം കിട്ടണം.ഉമ്മാന്‍റെ വാക്കുകള്‍ക്ക് യാതൊരു മയവുമില്ലായിരുന്നു.
    വീട്ടുകാരറിയാതെ സുഹൃത്തിന്‍റെ ഭാര്യയുടെ സ്വര്‍ണം കടം വാങ്ങി സുഹ്റയെ നിക്കാഹ് ചെയ്തു .
    പെങ്ങന്മാര്‍ കടന്നല്‍കുത്തേറ്റ മുഖവുമായാണ് അവളെ കൂട്ടിക്കൊണ്ടു വന്നത്.
    സുഹ്റക്ക് ആദ്യരാത്രി മുഴുവനും ഉപദേശമായിരുന്നു.കുടുംബ ചരിത്രവും ഓരോ വ്യക്തികളെയും അവരുമായി എങ്ങനെ പെരുമാറണമെന്നും.പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ ഉപ്പയും ഉമ്മയും എന്നെ റൂമില്‍ വിളിച്ചു വരുത്തി.
    അപ്പോഴേ ഞങ്ങള്‍ പറഞ്ഞതാ ഈ ബന്ധം നമ്മള്‍ക്ക് പറ്റിയതല്ലാന്ന്.ഒരു വക വീട്ടുപണി അറിയില്ല,ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല,ന്‍റെ പെങ്കുട്ട്യോള് അവരെ വീട്ടില്‍ പണി എടുത്ത് കുറച്ചു സമയം വിശ്രമിക്കാനാ ഇവടെ വരണത്.അപ്പോള്‍ അന്‍റെ പെണ്ണിനും കൂടെ അവര്‍ വെച്ച് വെളംബണം.ഇത് ഇവിടെ ശരിയാവില്ല.
    യതീംഖാനയിലെ കുട്ടിയല്ലേ,കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാവും എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.
    ഒരു ദിവസം ഉച്ചയൂണിന്‍റെ സമയത്ത് ഉമ്മ സുഹ്റയെ ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.
    ഊണ് കഴിച്ചെന്നു വരുത്തി അടുക്കള ഭാഗത്ത്‌ ചെന്ന് കൈ കഴുകുമ്പോള്‍ അവള്‍ കണ്ണില്‍ വെള്ളം നിറച്ച് ചുമര് ചാരി നില്‍ക്കുന്നുണ്ടായിരുന്നു.
    സാരമില്ലെന്ന് കണ്ണു കാണിച്ച് ഞാന്‍ പൂമുഖത്ത് വന്നിരുന്നു.
രണ്ടു മാസത്തെ ലീവിന് കൊള്ളിയാന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ സ്നേഹത്തിന്‍റെ വേര് ആഴത്തില്‍ വളര്‍ന്നതിനാല്‍ തിരിച്ചുവരവിന്‍റെ നൊമ്പരം വലുതായിരുന്നു.എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ വാതിലിന്‍റെ മറവില്‍ നിന്ന് കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.പോയിവരട്ടെ, എന്ന് എല്ലാവരോടും കൂടി പറഞ്ഞു.
    നാട്ടില്‍ നിന്നുള്ള ആദ്യത്തെ കത്ത് ഉപ്പയുടെതായിരുന്നു.അതിന്‍റെ കൂടെ ചെറിയൊരു കഷ്ണം സുഹ്റയുടെതും.
അവള്‍ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളൂ,ഒരുപാട് കവിതകളെഴുതിയിരുന്ന ഇവള്‍ക്കിതെന്തു പറ്റി? വിരഹ ദുഃഖം കൊണ്ടായിരിക്കും,സ്വയം ആശ്വസിച്ചു.
വീണ്ടും വീണ്ടും അത് വായിച്ചു, അല്ല ,മനപാഠമാക്കി.
പിന്നീടാണ് ഉപ്പാന്‍റെയും ഉമ്മാന്‍റെയും കത്ത് വായിച്ചത്.ആദ്യം മുതല്‍ അവസാനം വരെ സുഹ്റന്‍റെ  കുറ്റം തന്നെ.കൂടെ ഒരു താക്കീതും,സുഹ്റക്കുള്ള മറുപടി വീട്ടിലേക്കുള്ള കത്തിലിട്ടാല്‍ മതി.ഒരേ വീട്ടിലേക്കു രണ്ടു കത്തുകളെഴുതി പണം കളയണ്ടാ എന്ന ഉപദേശവും.
    അങ്ങനെത്തന്നെ ചെയ്തു.പണത്തിന്‍റെ ലാഭമോര്‍ത്തല്ല, സുഹ്റയെ കരുതി,ഇല്ലെങ്കില്‍ വീട്ടിലെ ഭൂകമ്പം എത്ര വലുതായിരിക്കുമെന്ന് ഇവിടെയിരുന്ന് ഊഹിച്ചു.
കാതുകള്‍ വന്നും പോയും കൊണ്ടിരുന്നു, കുട്ടികളില്ലാത്തതിന്‍റെ കുറ്റവും സുഹ്റക്കായിരുന്നു.
ആദ്യത്തെ വെക്കേഷന്‍റെ പെട്ടി കെട്ടലിന്‍റെ കടം തീര്‍ന്നപ്പോള്‍ രണ്ട് വര്‍ഷമായി.തൊഴിലുടമയുടെ കാലു പിടിച്ച്  അപേക്ഷിച്ച് വീണ്ടും നാല് മാസം ലീവ് വാങ്ങി
വീണ്ടും കൂട്ടുകാരുടെ അടുത്ത് നിന്നും കടം വാങ്ങി.
നാട്ടിലെത്തി സുഹ്റയെ കണ്ടപ്പോള്‍ അന്തം വിട്ടു പോയി.മുഖത്തിന്‍റെ തെളിച്ചമെല്ലാം എങ്ങോ പോയി മറഞ്ഞിട്ടുണ്ട്.എന്‍റെ ഉണ്ടക്കണ്ണിയുടെ കണ്ണിന്‍റെ സൗന്ദര്യത്തിനു പോലും കോട്ടം തട്ടിയിരുന്നു. അന്നാദ്യമായി ഉമ്മയോട് എതിര്‍ത്തു സംസാരിച്ചു.
ഉമ്മാന്‍റെ പരിഭവം അഞ്ചു കോയിന്‍സ്‌ കൊണ്ട് വരാത്തതിലായിരുന്നു.
കാതിലെ ചിറ്റിന്‍റെ എണ്ണം തികക്കാന്‍ അഞ്ചെണ്ണം കൂടിയേ തീരൂവത്രേ..
സുഹ്റയെ പറ്റി സംസാരിച്ചപ്പോള്‍ ഉമ്മാന്‍റെ  ഭാവം മാറി.
    അവള്‍ക്ക് എന്തിന്‍റെ കുറവാണിവിടെ?. എല്ലായിടത്തും ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലുണ്ട്.നീയൊരു ഭര്‍ത്താവുദ്യോഗസ്ഥന്‍.
ഉമ്മ തുടങ്ങിയാല്‍ പിന്നെ പെരുമഴ പോലെയാണ്.
ഈ ശബ്ദം കേട്ട്, ശണ്ട കൂടേണ്ടെന്നു അവള്‍ അടുക്കളയില്‍ നിന്നും ഓടി വന്ന് വാതില്‍ക്കല്‍ മറഞ്ഞു നിന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. തല്‍ക്കാലം ഞാന്‍ നിര്‍ത്തി.
രണ്ടാമത്തെ ലീവ് കഴിഞ്ഞപ്പോള്‍ താനൊരു പിതാവായി. പിന്നീടുള്ള കത്തുകളില്‍ മകളുടെ കൊഞ്ചലും ചിരിയുമായിരുന്നു മുഴുവനും. ഉറങ്ങുന്നതിനു മുമ്പ് അവളുടെ ഫോട്ടോയില്‍ ഉമ്മ കൊടുക്കും. മനസ്സ്‌ നാട്ടിലേക്ക് പായും.മനസ്സിന് എയര്‍ ടിക്കറ്റില്ലാത്തത് ഭാഗ്യം.കാലചക്രം ഒരുപാട് കറങ്ങി.നാട്ടിലെ മാറ്റങ്ങള്‍ പോലെ തന്നിലും മാറ്റങ്ങള്‍ വന്നു.
ഉമ്മ പാരമ്പര്യമായി തന്ന ഷുഗറും,പ്രഷറും, ഉപ്പാന്‍റെ കഷണ്ടി,കുടവയര്‍,മെല്ലിച്ച കാലുകള്‍.
ചെറിയൊരു വീടിനുള്ള ഒരുക്കങ്ങളായി.
    തറവാട് വിറ്റല്ലേ പോയത്‌, എന്നിട്ടെന്താ ഉണ്ടാക്കി തന്നത് ? പെങ്ങന്‍മാരുടെ ചോദ്യത്തിന് മറുപടി പറയാനില്ലായിരുന്നു. അവരെല്ലാം സൗകര്യപൂര്‍വ്വം മറക്കാന്‍ പഠിച്ചിരിക്കുന്നു. ഇപ്പോഴും എന്‍റെ സ്വപ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു. സ്വപ്നങ്ങളെങ്കിലും ഇല്ലായിരുന്നുവെങ്കില്‍.............
   
     

4 comments:

  1. അങ്ങിനെ ബ്ലോഗ്മീറ്റ് വാര്‍ത്തക്കും 'ഹുറൂബി'ല്‍നിന്ന് മോചനം

    http://fidhel.blogspot.com/2011/04/blog-post_20.html

    ReplyDelete
  2. അധികം പ്രവാസികളും ഇതൊക്കെ തന്നെ. പിന്നെ തലവെച്ചത് ഊരാന്‍ കഴിയാതെ കുറുക്കു മുറുകി ശ്വാസം മുട്ടി പിടഞ്ഞ് കഴിയുന്നു.
    കഥ അല്ലല്ലോ അനുഭവം അല്ലെ?
    ഇനിയും വരട്ടെ അനുഭവങ്ങള്‍.

    ReplyDelete
  3. അങ്ങിനെ വെളിച്ചം പകര്‍ന്ന് ഉരുകിഒടുങ്ങണം...!
    നന്നയിട്ടുണ്ട്...

    ReplyDelete
  4. അനുഭവക്കുറിപ്പ് വായിക്കുന്നപോലുണ്ട്... എല്ലാ പ്രവാസികളുടേയും അനുഭവങ്ങള്‍ക്ക് എവിടെയൊക്കെയോ സാമ്യമുണ്ട്... ആശംസകള്‍

    ReplyDelete