സ്നേഹ ദേവദാരുപ്പൂക്കള്‍-

"സ്നേഹ ദിനത്തില്‍ ഓര്‍ക്കാന്‍ എനിക്ക് ഇത് മാത്രം"
വാലന്‍റൈന്‍സ്ഡേ എന്താണ് എന്ന് പോലും അറിയാത്ത കാലത്ത് ഞങ്ങളുടെ തറവാട്ടില്‍ അത്യപൂര്‍വ്വമായ ഒരു മംഗല്യം നടന്നു വരന്‍റെ പ്രായം തൊണ്ണൂറ്റി രണ്ടു.വധുവിനു എണ്‍പത്തി ആറും !! അന്ന്തറവാട് വീതം വെച്ചിരുന്നില്ല ..ആരും വേറെ താമസം മാറിയിട്ടില്ല ...മക്കളുംമരുമക്കളും പേരമക്കളും അവരുടെ മക്കളും ഒക്കെയായി വീട്ടില്‍ എപ്പോഴുംഒരു ബഹളമാണ് . തൊണ്ണൂറാം വയസ്സില്‍ വല്ല്യുമ്മയുടെ മരണശേഷം ഖുര്‍ആന്‍ ഓതിയും ചെറുമക്കളെ കളിപ്പിച്ചും വല്യുപ്പ ജീവിതം തള്ളിനീക്കുന്ന കാലം... ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വല്യുപ്പ എല്ലാരേയുംവിളിച്ചു വരുത്തി ഒരു കാര്യം പറഞ്ഞു കേട്ടപ്പോള്‍ വീട്ടിലെ പെണ്ണുങ്ങള്‍മൂക്കത്ത് വിരല്‍ വച്ചു . ആണുങ്ങള്‍ പരസ്പരം നോക്കി!!! വല്യുപ്പ ഒരു പെണ്ണ് കെട്ടാന്‍ പോവുന്നു!!!പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്. അകന്നകുടുംബത്തിലെ ഒരു വല്യുമ്മ. പ്രായം എണ്‍പത്തിആറ്‌.കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു വളര്‍ന്നവരാണ്. അന്ന് മനസ്സില്‍ കയറി കൂടിയ മുഹബ്ബത്ത് ആണ് .അന്ന്ഭയം കാരണം വീട്ടില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയതിനാല്‍ നഷ്ടപ്പെട്ടുപോയ ഒരു നിധി!! എഴുപതോളം വര്‍ഷം ആരോടും പറയാതെ മനസ്സില്‍ കൊണ്ട്നടന്ന ഒരു പ്രണയ കഥ . അഞ്ചു വര്‍ഷം മുമ്പ് അവര്‍ വിധവ ആയി. മക്കളുംപേര മക്കളുമൊത്തു കഴിയുന്നു. മുഴുവനും കേട്ടു കഴിഞ്ഞപ്പോള്‍എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി. പെണ്ണുങ്ങള്‍ തട്ടം കൊണ്ട് മുഖം മറച്ചുചിരിച്ചു. ഒടുവില്‍ വിഷയം അവരുടെ വീട്ടിലും അവതരിപ്പിച്ചു. രണ്ടു വീട്ടിലെയും മക്കള്‍മുന്കയ്യെടുത്തു. നാട്ടു നടപ്പനുസരിച്ച് സ്ത്രീകള്‍ പെണ്ണിനെ പോയികണ്ടു.എല്ലാവര്‍ക്കും പൂര്‍ണ്ണ സമ്മതം.മുറ്റത്ത്‌ പന്തലുയര്‍ന്നു . നെയ്ച്ചോറുംപോത്ത് ഇറച്ചി വരട്ടിയത്‌ വിഭവം പുതു പെണ്ണിന്‍റെ കൈ തൊലി വാടിയ റോസാ പൂ ഇതള്‍ പോലെചുളിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു കൈകളിലും മൈലാഞ്ചി ചൊമപ്പ്!തൂവെള്ളതുണിയും കുപ്പായവും തട്ടവും. കാതിലും കഴുത്തിലും കൈകളിലുമൊക്കെ ചിറ്റ്ചന്കെലസ്സു ,കുമ്മത്. കാപ്പാനം തുടങിയ ആഭരണം.. ഒട്ടിയ കവിളത്തുംപതിനാലാം രാവിന്റെ ഉദിപ്പ് വെറ്റില ചോപ്പുള്ള ചുണ്ടുകള്‍. സുറുമ എഴുതിയ കണ്ണുകളില്‍ ഒരു നാണം .കണ്ണില്‍ സുറുമ എഴുതിയിരിക്കുന്നു.ആകെക്കൂടി ഒരു വല്ലാത്ത മൊഞ്ച് .. ഇവര്‍ ഇപ്പോള്‍ ഇത്ര സുന്ദരി ആണെങ്കില്‍അന്ന് എന്തായിരിക്കും എന്ന് പെണ്ണുങ്ങളുടെ അടക്കം പറച്ചില്‍ സല്ക്കാരത്തിനു പോയപ്പോള്‍ ആദ്യത്തെ വല്ല്യുമ്മാന്‍റെ പച്ച കല്ലുള്ള മാലയാണ്അണിഞ്ഞത്. ഒറ്റ ചീനി മരത്തില്‍ തീര്‍ത്ത വീതിയുള്ള കട്ടിലില്‍ ഇരുന്നു രണ്ടാളും'സൊറ' പറഞ്ഞു ചിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൌതുകമായിരുന്നു.ഒട്ടിയിരിക്കുന്ന രണ്ടു പേരും ആരുടെയെങ്കിലും നിഴല്‍ വെട്ടം കണ്ടാല്‍ ഒരു കള്ളചിരിയോടെ പെട്ടന്ന് മാറിയിരിക്കും. വല്യുപ്പയും വല്യുമ്മയും ഇരു വീട്ടുകാരുടെയും കൂട്ട് സ്വത്തായി മാറി ... പക്ഷെ വൈകാതെ മഞ്ഞു പെയ്യുന്ന ഒരു മകര മാസത്തിലെ കുളിരിന്‍റെ കൂടെവല്യുമ്മാനെ കൊണ്ട് പോവാന്‍ പടച്ചവന്‍ ആളെ അയച്ചു. മയ്യത്ത് എടുക്കുമ്പോള്‍ വല്യുപ്പ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.....കൃത്യം ഒരുമാസത്തിനു ശേഷം വല്യുപ്പയും ഞങ്ങളോട് സലാം പറഞ്ഞു. തറവാട്ടിലുംനാട്ടിലും തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാന്‍ സ്നേഹത്തിന്‍റെ ഈ കഥ മാത്രംബാക്കി….

1 comment:

  1. ഇത് സത്യത്തില്‍ സംഭവിച്ചതാണോ...?

    കൊള്ളാം നല്ല കഥ . :)

    ReplyDelete