സ്നേഹ ദേവദാരുപ്പൂക്കള്‍

"സ്നേഹ ദിനത്തില്‍ ഓര്‍ക്കാന്‍  എനിക്ക് ഇത് മാത്രം"
വാലന്‍റൈന്‍സ്ഡേ എന്താണ് എന്ന് പോലും അറിയാത്ത കാലത്ത് ഞങ്ങളുടെ തറവാട്ടില്‍ അത്യപൂര്‍വ്വമായ  ഒരു മംഗല്യം നടന്നു
വരന്‍റെ പ്രായം തൊണ്ണൂറ്റി രണ്ടു.വധുവിനു എണ്പത്തി ആറും !! അന്ന്തറവാട് വീതം വെച്ചിരുന്നില്ല ..ആരും വേറെ താമസം മാറിയിട്ടില്ല ...മക്കളുംമരുമക്കളും പേരമക്കളും അവരുടെ മക്കളും ഒക്കെയായി വീട്ടില്‍ എപ്പോഴുംഒരു ബഹളമാണ് .
തൊണ്ണൂറാം വയസ്സില്‍ വല്ല്യുമ്മയുടെ മരണശേഷം ഖുര്‍ആന്‍ ഓതിയും ചെറുമക്കളെ കളിപ്പിച്ചും വല്യുപ്പ ജീവിതം തള്ളിനീക്കുന്ന കാലം...
ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വല്യുപ്പ എല്ലാരേയുംവിളിച്ചു വരുത്തി ഒരു കാര്യം പറഞ്ഞു കേട്ടപ്പോള്‍ വീട്ടിലെ പെണ്ണുങ്ങള്മൂക്കത്ത് വിരല്‍ വച്ചു . ആണുങ്ങള്‍ പരസ്പരം നോക്കി!!!
വല്യുപ്പ ഒരു പെണ്ണ് കെട്ടാന്‍ പോവുന്നു!!!പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്അകന്നകുടുംബത്തിലെ ഒരു വല്യുമ്മപ്രായം  എണ്പത്തിആറ്‌.കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു വളര്‍ന്നവരാണ്അന്ന് മനസ്സില്‍ കയറി കൂടിയ മുഹബ്ബത്ത് ആണ് .അന്ന്ഭയം കാരണം വീട്ടില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയതിനാല്‍ നഷ്ടപ്പെട്ടുപോയ ഒരു നിധി!! എഴുപതോളം വര്‍ഷം  ആരോടും പറയാതെ മനസ്സില്‍ കൊണ്ട്നടന്ന ഒരു പ്രണയ കഥ . അഞ്ചു വര്‍ഷം മുമ്പ് അവര്‍ വിധവ ആയിമക്കളുംപേര മക്കളുമൊത്തു കഴിയുന്നു. മുഴുവനും കേട്ടു കഴിഞ്ഞപ്പോള്എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരിപെണ്ണുങ്ങള്‍ തട്ടം കൊണ്ട് മുഖം മറച്ചുചിരിച്ചു.
ഒടുവില്‍ വിഷയം അവരുടെ വീട്ടിലും അവതരിപ്പിച്ചുരണ്ടു വീട്ടിലെയും മക്കള്മുന്കയ്യെടുത്തുനാട്ടു നടപ്പനുസരിച്ച് സ്ത്രീകള്‍ പെണ്ണിനെ പോയികണ്ടു.എല്ലാവര്‍ക്കും പൂര്‍ണ്ണ  സമ്മതം.മുറ്റത്ത്‌ പന്തലുയര്‍ന്നു നെയ്ച്ചോറുംപോത്ത് ഇറച്ചി വരട്ടിയത്‌ വിഭവം
പുതു പെണ്ണിന്‍റെ കൈ തൊലി വാടിയ റോസാ പൂ ഇതള്‍ പോലെചുളിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു കൈകളിലും മൈലാഞ്ചി ചൊമപ്പ്!തൂവെള്ളതുണിയും കുപ്പായവും തട്ടവുംകാതിലും കഴുത്തിലും കൈകളിലുമൊക്കെ ചിറ്റ്ചന്കെലസ്സു ,കുമ്മത്കാപ്പാനം തുടങിയ ആഭരണം.. ഒട്ടിയ കവിളത്തുംപതിനാലാം രാവിന്റെ ഉദിപ്പ് വെറ്റില ചോപ്പുള്ള ചുണ്ടുകള്‍.
സുറുമ എഴുതിയ കണ്ണുകളില്‍ ഒരു നാണം .കണ്ണില്‍ സുറുമ എഴുതിയിരിക്കുന്നു.ആകെക്കൂടി ഒരു വല്ലാത്ത മൊഞ്ച് .. ഇവര്‍ ഇപ്പോള്‍ ഇത്ര സുന്ദരി ആണെങ്കില്അന്ന് എന്തായിരിക്കും എന്ന് പെണ്ണുങ്ങളുടെ അടക്കം പറച്ചില്
സല്ക്കാരത്തിനു പോയപ്പോള്‍ ആദ്യത്തെ വല്ല്യുമ്മാന്‍റെ പച്ച കല്ലുള്ള മാലയാണ്അണിഞ്ഞത്ഒറ്റ ചീനി മരത്തില്‍ തീര്ത്ത വീതിയുള്ള കട്ടിലില്‍ ഇരുന്നു രണ്ടാളും'സൊറപറഞ്ഞു ചിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കൌതുകമായിരുന്നു.ഒട്ടിയിരിക്കുന്ന രണ്ടു പേരും ആരുടെയെങ്കിലും നിഴല്‍ വെട്ടം കണ്ടാല്‍ ഒരു കള്ളചിരിയോടെ പെട്ടന്ന് മാറിയിരിക്കും.
വല്യുപ്പയും വല്യുമ്മയും ഇരു വീട്ടുകാരുടെയും കൂട്ട് സ്വത്തായി മാറി ... പക്ഷെ വൈകാതെ മഞ്ഞു പെയ്യുന്ന ഒരു മകര മാസത്തിലെ കുളിരിന്‍റെ  കൂടെവല്യുമ്മാനെ കൊണ്ട് പോവാന്‍ പടച്ചവന്‍ ആളെ അയച്ചു.
മയ്യത്ത് എടുക്കുമ്പോള്‍ വല്യുപ്പ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.....കൃത്യം ഒരുമാസത്തിനു ശേഷം വല്യുപ്പയും ഞങ്ങളോട് സലാം പറഞ്ഞുതറവാട്ടിലുംനാട്ടിലും തലമുറകളിലേക്ക് പകര്‍ന്ന് നല്കാന്‍ സ്നേഹത്തിന്‍റെ  കഥ മാത്രംബാക്കി….

പെരുന്നാള്‍

പെരുന്നാള്‍

ഇന്ന് നോമ്പ്‌ മുപ്പത്, മാസം കണ്ടില്ലെങ്കിലും നാളെ പെരുന്നാളാണ്. മിമ്പറയില്‍ നിന്ന് ഉസ്താദ്‌ പറഞ്ഞതോര്‍മ്മ വന്നു.
“വിശ്വാസികള്‍ക്ക് റമളാന്‍ കളിച്ച് ചിരിച്ച് വരും, കരഞ്ഞു കൊണ്ടാണ് തിരിച്ചു പോവുക”.
പകല്‍ ഇരുണ്ട കുപ്പായം അണിയാന്‍ ആരംഭിച്ചിരിക്കുന്നു. നോമ്പ് തുറന്നത് മുതല്‍ തുടങ്ങിയതാണീ കാത്തിരിപ്പ്‌. ഉപ്പ എല്ലാവരെയും തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയപ്പോള്‍ കുടുംബ ഭാരം ഇക്കാക്കാന്‍റെ തലയിലാണ്.
ഇത്താത്തമാര്‍ മൂന്നു പേരും ക്ലാസ്സില്‍ ഒന്നാമതായിരുന്നു. പുസ്തകങ്ങള്‍ക്ക് പണമില്ലാത്തതു കൊണ്ട് പഠിത്തം നിര്‍ത്തി.
“അല്ലെങ്കിലും പെങ്കുട്ട്യോള്‍ കുറെ പഠിച്ചിട്ടെന്തിനാ”? ഉമ്മ വേദന ഉള്ളിലൊതുക്കി പറയുന്നതാണെന്ന് ഞങ്ങള്‍ക്കറിയാം.
എന്നെ പഠിപ്പിച്ച് വല്ല്യ ആളാക്കണം എന്നാണ് എല്ലാവരുടെയും മോഹം. ഇക്കാക്ക വയനാട്ടില്‍ കൂലിപ്പണിക്ക് പോയതാണ്.മാസത്തില്‍ ഒരിക്കലേ വരൂ. വരുന്ന ദിവസം പെരുന്നാളാണ് വീട്ടില്‍.ഒരാള്‍ക്ക്‌ ഏറ്റാന്‍ പാകത്തിലുള്ള തടിച്ചു നീണ്ട കപ്പക്കിഴങ്ങുമായാണ് വരുക.
അടുത്ത മൂന്നു ദിവസം വയറു നിറയെ കഴിക്കാം. മൂന്നു നേരവും കപ്പ തന്നെ. എനിക്കൊരു മണ്‍ കുടുക്കയുണ്ട്, ആര് പൈസ തന്നാലും ഞാന്‍ അതില്‍ കൊണ്ടിടും. എന്നും എടുത്ത് നോക്കും.കനം കൂടി വരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്! രണ്ട് മാസം കഴിഞ്ഞാല്‍ പാട്ട് ഉത്സവമാണ്.ഇക്കാക്കാന്‍റെ കൂടെ സര്‍ക്കസും കണ്ട് ഹലുവയും കാരക്കയും വാങ്ങാനുള്ളതാണീ പണം.  
ഉമ്മ തകര വിളക്ക് കോലായില്‍ കൊണ്ട് വച്ചു.
ഇത്താത്തമാര്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലാണ്. പീടികയില്‍ പോയി വന്നിട്ട് വേണം മൈലാഞ്ചയിടാന്‍.ആദ്യം എന്‍റെ കയ്യില്‍ തന്നെ ഇടണം എന്നാ വാശിയുണ്ടെനിക്ക്.
“ന്‍റെ കുട്ടിനെ കാണണില്ലല്ലോ..റബ്ബേ..ണീ കാക്കണേ..” അതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി.
വിളക്ക് തിരിയില്‍ ഉരുണ്ടു കൂടിയ കറുത്ത മണികളെ മെല്ലെ വിരല്‍ കൊണ്ട് തട്ടിക്കളയുമ്പോഴാണ് തൊട്ടടുത്ത്‌ രണ്ട് കാല്‍!
“ഉമ്മാ...ഇക്കാക്ക വന്നൂ.....” സന്തോഷത്താല്‍ എന്‍റെ ശബ്ദം വീടാകെ പ്രധിധ്വനിച്ചു.
തലയില്‍ നിന്നും കപ്പക്കിഴങ്ങ് ഇറക്കി വെച്ച് ഇക്കാക്ക കോലായിലെ ബഞ്ചില്‍ തളര്‍ന്നിരുന്നു. മുഖത്ത് തീരെ സന്തോഷമില്ല.
ആ ദുഃഖം എല്ലാവരിലേക്കും പടരാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല.
ഉമ്മ മധുരമില്ലാത്ത തണുത്ത ചായ കൊണ്ട് വന്നു—ശര്‍ക്കര ഇല്ലാത്തതു കൊണ്ട് ഞാനിപ്പോള്‍ ചായ കുടിക്കാറേയില്ല.
“മദ്രാസില്‍ നിന്നും അണ്ണാച്ചി വന്നില്ല. അടുത്ത ആഴ്ചയേ ശമ്പളം കിട്ടൂ”. ഉമ്മാന്‍റെ ദീര്‍ഘ നിശ്വാസത്തിന്‍റെ കൂടെ സാന്ത്വനവും വന്നു.
സാരല്യ.അടുത്ത ആഴ്ച്ച കിട്ടൂലോ...പീടികക്കാരന്‍ മമ്മദിനോട് കാര്യം പറഞ്ഞാല്‍ മനസ്സിലാവാണ്ടെ ഇരിക്കില്ല. “ഓനെ അന്‍റെ ഉപ്പ ഒരുപാട് സഹായിച്ചതല്ലേ.....”
പള്ളീന്നു ഫിത്വര്‍ സക്കാത്തിന്‍റെ അരി കിട്ടും. എന്നാലും ഇറച്ചീം സാധനങ്ങളും വാങ്ങണം.”കുട്ടിന്‍റെ കുടുക്ക പൊട്ടിച്ചാല്‍ എന്തെങ്കിലും കിട്ടും.” ഞാന്‍ കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒന്നായിരുന്നു അത്.
മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ എന്‍റെ സമ്പാദ്യ കുടുക്ക ആയുസെത്താതെ വീണുടഞ്ഞു.

ഇക്കാക്ക ചില്ലറത്തുട്ടുകള്‍ പെറുക്കിയെടുത്തു.
“മോന് ഈ പൈസ ഇക്കാക്ക ഇനി വരുമ്പോള്‍ തരാട്ടോ..”
ഞാന്‍ തലയാട്ടി.
പത്തു പൈസ എന്‍റെ കീശയില്‍ ഇട്ടു തന്നു. പണിക്കരെ മക്കാനിയില്‍ നിന്നും നെയ്യപ്പം വാങ്ങാന്‍.
നോട്ടു ബുക്കില്‍ നിന്നും ചീന്തിയെടുത്ത പേജില്‍ മുനയില്ലാത്ത കടലാസു പെന്‍സില്‍ കൊണ്ട് ഉമ്മ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. എണ്ണക്കുള്ള പൊട്ടുന്ന കുപ്പികള്‍ ഇത്താത്ത തുണി സഞ്ചിയിലാക്കി തന്നു.
“മൈലാഞ്ചി ഞാന്‍ വന്നിട്ട് ഇട്ടാ മതീട്ടോ..” ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു.
ഇക്കാക്കാന്‍റെ കയ്യിലെ ചൂട്ട് വെളിച്ചത്തില്‍ ഇടുങ്ങിയ ഊടു വഴിയിലൂടെ നടക്കുമ്പോള്‍ മനം നിറയെ നാളത്തെ പെരുന്നാളാണ്.
വാസന സോപ്പ് കൊണ്ടൊരു കുളി, പുത്തന്‍ കുപ്പായമിട്ട് പള്ളിയിലേക്ക്.അവിടെ കൂട്ടുകാര്‍ക്കൊക്കെ ചൊമന്ന മൈലാഞ്ചി കൈ കാണിച്ചു കൊടുക്കണം.പള്ളിയില്‍ നിന്നും വന്നാല്‍ നെയ്‌ച്ചോറും ഇറച്ചി വരട്ടിയതും പപ്പടവും.
ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു.
അങ്ങാടിയില്‍ നല്ല തിരക്കാണ്. ഗ്രാമം പെരുന്നാള്‍ സന്തോഷത്തിലാണ്. നോമ്പ് കഴിഞ്ഞതിലോ അതോ പെരുന്നാള്‍ വന്നതിലോ!. പലചരക്ക് കടയിലും തിരക്കാണ്.നാട്ടിലെ ഒരേ ഒരു കട.
“മമ്മാക്ക സാധനം തൂക്കുന്നത് സ്വര്‍ണം തൂക്കുംപോലെയാണ്” എന്ന ഒരു ചൊല്ല് തന്നെ നാട്ടിലുണ്ട്.
ഇരുമ്പ് കൊളുത്തില് തൂക്കിയിട്ട പെട്രോള്മാക്സിന്റെ വെളിച്ചം മങ്ങാന് തുടങ്ങുമ്പോള് അതിനെ താഴെ ഇറക്കി വെക്കും. ഉള്ളിലേക്ക് കാറ്റടിച്ചു കയറ്റി വീണ്ടും പഴയ സ്ഥലത്ത് തന്നെ തൂക്കിയിടും.
ആ വെളിച്ചത്തിനു ചുറ്റും പാറിക്കളിക്കുന്ന പ്രാണികളിലായിരുന്നു എന്‍റെ ശ്രദ്ധ മുഴുവനും. ഇടക്ക് ഇക്കാക്കാനെ തോണ്ടും- നേരം വൈകുന്നു എന്ന്‍ ഓര്‍മ്മപ്പെടുത്താന്‍.
കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ ഊഴം വന്നു.
“പൈസ കൊണ്ടന്നിട്ടുണ്ടോ”.
ഉണ്ടെന്ന് ഇക്കാക്ക തലയാട്ടി. നാണയത്തുട്ടുകള്‍ മേശപ്പുറത്ത് വെച്ചു കൊടുത്തു. അയാള്‍ അത് ഉള്ളം കൈ കൊണ്ട് പരത്തി. എന്നി നോക്കി മേശ വലിപ്പിലേക്കിട്ടു.
“ഇത് പഴയ പറ്റിലേക്ക് വരവ് വെച്ചു. ഇനി കടം തരില്ല”
ഇടിവെട്ടേറ്റവനെപ്പോലെ ഇക്കാക്ക തരിച്ചു നിന്നു.
മമ്മാക്ക മറ്റുള്ളവരിലേക്ക് തിരിഞ്ഞു. അകത്തുള്ള കണ്ണീര്‍ക്കടല്‍ കവിളിലൂടെ നിര്‍ത്താതെ ഒഴുകി വരുമ്പോള്‍ ഇക്കാക്ക എന്‍റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് മാറി നിന്നു.
ഞാനെന്‍റെ കീശയിലെ പത്തു പൈസയെടുത്ത് ഇക്കാക്കാക്ക് നീട്ടി. അതും കൂടി ആയപ്പോള്‍ ഇക്കാക്കാക്ക് താങ്ങാന്‍ പറ്റിയില്ല. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഇരുട്ടില്‍ നിന്നും ഒരു ആള്‍രൂപം ഞങ്ങളുടെ അടുത്തേക്കു വന്നു. പാല്‍ വെണ്ടര്‍ അപ്പുണ്ണിയേട്ടന്‍.
ഇക്കാക്കാന്‍റെ കീശയില്‍ കുറച്ചു നോട്ടുകള്‍ വെച്ചു കൊടുത്തു.
“ഞാനെല്ലാം കേട്ടു മക്കളെ...ഇത് എന്‍റെ പെരുന്നാള്‍ സമ്മാനമാണ്.” നാളെ പെരുന്നാളല്ലെ കണ്ണീരിന്‍റെ ഉപ്പ് വീഴണ്ട. കാലം കറങ്ങി വരും കഷ്ട്ടപ്പാടൊക്കെ മാറും. ദൈവം കണ്ണില്ലാത്തവനല്ലല്ലോ...
കാലം ഋതുഭേദങ്ങളായി കടന്നു പോയി...
പെരുന്നാളിന്‍റെ തക്ബീര്‍ മുഴങ്ങുമ്പോള്‍ ഗതകാല ചിന്തകള്‍ കണ്ണീര്‍ ചാലുകളായി രൂപാന്തരം കൊള്ളുന്നു.........